scorecardresearch
Advertisment

ഗീഥാ സലാമിനെ ഓര്‍ക്കുമ്പോള്‍

"സ്വാതന്ത്ര്യമുള്ളത് നാടകത്തിലാണെന്നും സർക്കാറുദ്യോഗം തടവാണെന്നും പറഞ്ഞ് സർക്കാറാപ്പീസുപേക്ഷിച്ച് തട്ടിൽക്കയറിയതാണ് സലാംക്ക," ഇന്നലെ അന്തരിച്ച നടൻ ഗീഥാ സലാമിനെ കുറിച്ച് എഴുത്തുകാരനായ ലിജീഷ് കുമാര്‍ എഴുതുന്നു

author-image
Lijeesh Kumar
അപ്‌ഡേറ്റ് ചെയ്‌തു
New Update
geetha salam, geetha salam actor, geetha salam death, geetha salam movies, ഗീഥാ സലാം, ഗീഥാ സലാം നടന്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

"1974 ഡിസംബര്‍ 1 ന്, എന്റെ കല്യാണത്തിന്റെ അന്ന് ചങ്ങനാശ്ശേരിയിൽ ഗീഥയുടെ നാടകമുണ്ട്. നിക്കാഹ് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഓളേം കൂട്ടി നേരെ അങ്ങോട്ട് പോയി. പുലരും വരെ പ്രേക്ഷകര്‍ക്കിടയിലിരുന്ന് നാടകം കണ്ട നവവധുവാണ് എന്റെ ബീവി."

Advertisment

ഗീഥ ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ നാടകട്രൂപ്പാണ്. മേപ്പറഞ്ഞ പുയ്യാപ്ല ഗീഥയിലെ നടൻ, ഓച്ചിറ അബ്ദുള്‍ ഖാദര്‍ കുഞ്ഞിന്റെയും മറിയം ബീവിയുടെയും മകൻ അബ്ദുല്‍ സലാം. അങ്ങനെ പറഞ്ഞാൽ ചിലപ്പൊ അറിയില്ല, മനസിലാവണമെങ്കിൽ ഗീഥാ സലാം എന്ന് തന്നെ പറയണം. പുതിയ പെണ്ണിനെ മഞ്ഞ് കൊള്ളാൻ വിട്ട് അരങ്ങിലാദ്യരാത്രിയാടിയവന്റെ ഉടലിൽ നിന്ന് അയാളുടെ നാടകസംഘം എങ്ങനെ വിട്ടു പോകാനാണ്.

Read More: നടന്‍ ഗീഥാ സലാം അന്തരിച്ചു

കോട്ടയം നാഷണല്‍ തീയറ്റേഴ്‌സിലാണ് തുടങ്ങിയതെങ്കിലും അരനൂറ്റാണ്ടിന്റെ ദൈർഘ്യമുള്ള സലാംക്കയുടെ അഭിനയ ജീവിതത്തിന്റെ അരക്കിട്ടുറപ്പിക്കൽ നടന്നത് ചങ്ങനാശ്ശേരി ഗീഥയിലാണ്. ഗീഥയുടെ സൂപ്പര്‍ ഹിറ്റ് നാടകങ്ങളില്‍ തിളങ്ങി അഞ്ച് വർഷം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കിട്ടിയ ഗീഥാ സലാം എന്ന പേര്, ഓച്ചിറയിൽ സ്വന്തമായി ട്രൂപ്പുണ്ടാക്കിയിട്ടും കെ.പി.എ.സി യില്‍ ചെന്ന് വിലസി 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' മുതല്‍ 'മൃച്ഛഘടികം' വരെയുള്ള നാടകങ്ങളിൽ തകർത്താടിയിട്ടും സലാംക്ക വിട്ടു കളഞ്ഞില്ല.

സ്വാതന്ത്ര്യമുള്ളത് നാടകത്തിലാണെന്നും സർക്കാറുദ്യോഗം തടവാണെന്നും പറഞ്ഞ് സർക്കാറാപ്പീസുപേക്ഷിച്ച് തട്ടിൽക്കയറിയതാണ് സലാംക്ക. അന്നും സർക്കാർ സുരക്ഷിതത്വത്തിലല്ല ഭർത്താവിലെ നടനിലാണ് റഹ്മാബീവി അഭിമാനിച്ചത്. ഓർക്കുമ്പോഴൊക്കെ അവരോട് വലിയ ബഹുമാനം തോന്നുമായിരുന്നു.

Image may contain: 1 person, smiling, sitting

ഓച്ചിറ പാറയില്‍ പടീറ്റതില്‍ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ കുഞ്ഞിന്, സലാംക്കയുടെ ബാപ്പയ്ക്ക് ഈന്തപ്പഴക്കച്ചവടമായിരുന്നു. മറിയം ബീവിയെയും മക്കളെയും പോറ്റാൻ തന്റെ ഈന്തപ്പഴക്കച്ചോടം മതിയാവാതെ വന്നപ്പോഴാണ് അബ്ദുല്‍ ഖാദര്‍ കുഞ്ഞ് ബീഡി തെറുപ്പും കൂടെ തുടങ്ങിയത്. അങ്ങനെ രാപ്പകൽപ്പണികളിൽ മുങ്ങിയിട്ടും തങ്ങളുടെ ജീവിതത്തിന്റെ നിറം കെട്ടു പോകാൻ സമ്മതിക്കാത്ത പോരാളിയായിരുന്നു ബാപ്പയെന്ന് സലാംക്ക എപ്പോഴും പറയുമായിരുന്നു. ആ ചോരയുടെ ചൂടാണ് തന്നെ കമ്യൂണിസ്റ്റാക്കിയതെന്നും.

പടങ്ങൾ മാറി മാറി വന്നപ്പൊഴൊക്കെയും മകനെ തോളത്തിരുത്തി പ്രീമിയര്‍ സിനിമാ കൊട്ടകയിലേക്ക് കൊണ്ടു പോയ ബാപ്പയാണ് സിനിമയുടെ വെളിച്ചം അവന്റെ ഉള്ളിൽ പാകിക്കൊടുത്തത്. നാട്ടിലെ ഓരോ മനുഷ്യരുടെയും മാനറിസങ്ങൾ സൂക്ഷ്മമായി ഒബ്സർവ് ചെയ്യാൻ ശീലിപ്പിച്ചത് ഉമ്മയായിരുന്നു. വീട്ടിലത്തെുന്ന ബന്ധുജനങ്ങള്‍ക്ക് മുന്നില്‍ മകൻ നാട്ടുകാരെ അനുകരിച്ചു കാണിക്കുമ്പോൾ കണ്ണ് നിറഞ്ഞ് ഉമ്മ കയ്യടിക്കുമായിരുന്നു. അങ്ങനൊരുമ്മയ്ക്കും ബാപ്പയ്ക്കും പിറന്നത് കൊണ്ടാണ് ഗീഥാ സലാം എന്ന നടൻ ഉണ്ടായത്.

 

സലാംക്കയെ കാണുമ്പോൾ 'രൗദ്ര'ത്തിലെ ഓട്ടോ ഡ്രൈവറെയോ 'കുഞ്ഞിക്കൂനനി'ലെ സര്‍ക്കസ്‌കാരനെയോ 'ഗ്രാമഫോണി'ലെ സൈഗാള്‍ യൂസഫിനെയോ എനിക്ക് ഓർമ്മ വരാറില്ല. കൂരിരുട്ടത്ത് നിന്ന് കണ്ണ് നിറഞ്ഞ് സലാംക്ക പാടിയ ഒരു പാട്ട് കേട്ട് എനിക്ക് സങ്കടം വന്നിട്ടുണ്ട്. 'പുള്ളിമാനി'ലെ വേലുവാശാന്റെ പാട്ട്. പകലല്ല, ഒരു രാത്രി ആശാനതെനിക്ക് പാടിത്തരണം എന്ന് പറയണമെന്ന് കരുതിയിട്ടുണ്ട്. മടങ്ങിപ്പോകുമ്പോൾ പറയാതെ തന്നെ ഉച്ചത്തിൽ സൈഗാൾ യൂസഫ് പാടുന്നുണ്ട്, വേലുവാശാന്റെ പാട്ട്.

"എന്നോട് കളിച്ചോരാരും നേരായിട്ടില്ലേ

കേട്ടേടാ കേട്ടേടാ എന്റെ ലോകരു കൂട്ടം

ആനന്ദം പരമാനന്ദമാണെന്റെ കുടുംബം!''

പ്രിയപ്പെട്ട റഹ്മാബീവീ, കല്യാണ രാത്രിയിൽ മഞ്ഞിലിരുന്ന് നാടകം കണ്ട നിങ്ങളിലെ പുത്യ പെണ്ണിന്റെ കൗമാരത്തിന്, സർക്കാർ ജോലി വിട്ട് നടനാവാൻ തീരുമാനിച്ച ഭർത്താവ് ചെറിയ വേഷങ്ങളിലേ വന്ന് പോകൂ എന്നറിയാമായിരുന്നിട്ടും പ്രാക്ടിക്കലായ കുടുംബിനിയാവാതിരുന്ന നിങ്ങളുടെ യൗവനത്തിന് നന്ദി. സങ്കടപ്പെടരുത്. കേൾക്കുന്നില്ലേ സലാംക്ക പാടുന്നത്, ആനന്ദം പരമാനന്ദമാണെന്റെ കുടുംബം!

എഴുത്തുകാരനും അധ്യാപകനുമാണ് ലേഖകന്‍

Malayalam Films Memories
Advertisment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us:
Advertisment